14 October, 2025 06:12:56 PM


മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് നടത്തി



കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് ചേർന്നുനിന്നുകൊണ്ട് വൈക്കത്തും ഒട്ടനവധി വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. മറവൻതുരുത്ത് എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടന്ന മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

എം.എൽ.എ ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കി നിരവധി വികസനക്ഷേമ പദ്ധതികൾ നടപ്പാക്കി. മറവൻതുരുത്ത് -ചെമ്പ് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് സെക്രട്ടറി കെ.വി. ചന്ദ്രികയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്‌സ് പേഴ്‌സണും അവതരിപ്പിച്ചു. തുടർന്ന് ഭാവിവികസന പ്രവർത്തനങ്ങളെക്കുറിച്ച് തുറന്ന ചർച്ചയും നടന്നു.
പാലാംകടവ്-വൈക്കം റൂട്ടിൽ കൂടുതൽ ബസ് സർവ്വീസ് വേണമെന്ന് നിർദേശമുയർന്നു. പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്കം തടയുന്നതിനായി ഓരുമുട്ട് നിർമിക്കണം, ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തണം, ടൂറിസം രംഗങ്ങളിൽ പഞ്ചായത്തിന്റെ സാധ്യതകൾ തേടണമെന്നും ആവശ്യമുയർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സീമാ ബിനു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി. ഷിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി. രമ, സി. സുരേഷ് കുമാർ, പി.കെ. മല്ലിക, പ്രമീള രമണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911