22 November, 2025 12:28:43 PM
കോതനല്ലൂരില്‍ മദ്യലഹരിയിൽ മക്കളെ പൊതുവഴിയിൽ ഉപദ്രവിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കടുത്തുരുത്തി: മദ്യലഹരിയിൽ മക്കളെ പൊതുവഴിയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കോതനല്ലൂർ സ്വദേശിയായ അനീഷാണ് പോലീസിന്റെ പിടിയിലായത്. കോതനല്ലൂർ ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച ആറുമണിയോടെയാണ് സംഭവം.
കുട്ടികളെ ഉപദ്രവിക്കുന്നതുകണ്ട് ചോദ്യംചെയ്ത നാട്ടുകാർക്കു നേരേ ഇയാൾ കൈയ്യേറ്റശ്രമം നടത്തുകയും അടുത്തുണ്ടായിരുന്ന കടയിൽനിന്നു കത്തിയെടുത്തു വീശി ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇതോടെ നാട്ടുകാർ യുവാവിനെ കീഴ്‌പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ട്യൂഷന് പോയി മടങ്ങിവന്ന വിദ്യാർഥികളെയാണ് മദ്യലഹരിയിലായിരുന്ന പിതാവ് പൊതുവഴിയിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടതായി കടുത്തുരുത്തി പോലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവെച്ചതിന് ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു.






