07 December, 2024 06:24:19 PM
ഇമ്മാനുവല്‍ വാലര്‍സ്റ്റൈന്‍ അനുസ്മരണ പ്രഭാഷണം തിങ്കളാഴ്ച
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സംഘടിപ്പിക്കുന്ന ഇമ്മാനുവല്‍ വാലര്‍സ്റ്റൈന്‍ അനുസ്മരണ പ്രഭാഷണം തിങ്കളാഴ്ച (ഡിസംബര്‍ 9) നടക്കും.
സാമൂഹിക ജനാധിപത്യത്തില്‍ അധിഷ്ഠിതമായ കേരളത്തിന്റെ വികസന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സ്വീഡിഷ് സാമൂഹിക ശാസ്ത്രജ്ഞനും ഓസ്ലോ സര്‍വകലാശാലയിലെ പ്രഫസര്‍ എമറിറ്റസുമായ പ്രഫ. ഒല്ലെ ടോണ്‍ക്വിസ്റ്റ് പ്രഭാഷണം നടത്തും.
രാവിലെ 10.30ന് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സില്‍ വൈസ് ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. മൈക്കിള്‍ തരകന്‍ അധ്യക്ഷത വഹിക്കും.
ലോക സമ്പദ്‌വ്യവസ്ഥ, ആഗോളവല്‍ക്കരണം, സാമൂഹിക നീതി, ഭൗമരാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകള്‍ക്ക് രൂപം നല്‍കിയ സാമൂഹ്യശാസ്ത്രജ്ഞനും സാമ്പത്തിക ചരിത്രകാരനുമായിരുന്നു പ്രഫ. ഇമ്മാനുവല്‍ വാലര്‍സ്റ്റൈന്‍