06 December, 2024 07:02:50 PM


അന്തര്‍ സംസ്ഥാന കുടിയേറ്റത്തെക്കുറിച്ച് ഗൗരവതരമായ പഠനം വേണം- ദേശീയ സെമിനാര്‍



കോട്ടയം: ഇന്ത്യയിലെ അന്തര്‍ സംസ്ഥാന കുടിയേറ്റത്തെക്കുറിച്ച് ഗൗരവതരമായ പഠനം അനിവാര്യമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ആരംഭിച്ച ദ്വിദിന ദേശീയ സെമിനാറില്‍ പ്രഭാഷണം നടത്തിയ വിദഗ്ധര്‍ നിര്‍ദേശിച്ചു. അന്തര്‍ സംസ്ഥാന കുടിയേറ്റം ; വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിലുള്ള സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനംചെയ്തു. സര്‍വലകലാശാലയിലെ സെന്‍റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ഈ മേഖലയില്‍ നടത്തുന്ന വിദ്യാര്‍ഥി കേന്ദ്രീകൃത ഇടപെടലുകള്‍ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. 

 അന്തര്‍ സംസ്ഥാന കുടിയേറ്റത്തെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളോ ആധികാരിക പരാമര്‍ശങ്ങളോ ദേശീയ നയ രേഖകളിലും കണക്കെടുപ്പുകളിലും ഇല്ലാത്ത സാഹചര്യം പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുടിയേറ്റ പഠന വിദഗ്ദനും ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ചെയര്‍പേഴ്സണുമായ പ്രഫ എസ്. ഇരുദയ രാജന്‍   പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അധികാരികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഈ മേഖലയിലെ പഠനങ്ങളിലും ഇത്തരമൊരു സമീപനത്തിന്‍റെ അനിവാര്യത പ്രതിഫലിക്കേണ്ടതുണ്ടെന്നും  ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ നസ്രിന്‍ ചൗധരി നിര്‍ദേശിച്ചു. കുടിയേറ്റം കേവല സാമ്പത്തികാരണങ്ങളില്‍ കേന്ദ്രീകൃതമായ പ്രക്രിയ മാത്രമല്ലെന്ന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ ഡോ. സദാനന്ദ സാഹു ചൂണ്ടിക്കാട്ടി. 

സംസ്ഥാന കേരള ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, സെന്‍റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആന്‍റ് ഇന്‍ക്ലൂസീവ് ഗവണന്‍സ് ചെയര്‍ പേഴ്സണ്‍ ഡോ. എം.വി. ബിജുലാല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സസ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ്, ഡോ. എസ്. സുനിത എന്നിവര്‍ സംസാരിച്ചു.  സെമിനാര്‍ ഇന്ന്(നവംബര്‍ 7) സമാപിക്കും. 
(പി.ആര്‍.ഒ/39/1111/2024)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937