26 November, 2024 08:36:25 PM


ഭരണഘടനയും ചരിത്രവും ആഴത്തിലറിയാന്‍ യുവതലമുറ പരിശ്രമിക്കണം- മന്ത്രി പി.രാജീവ്



കോട്ടയം: ജനാധിപത്യത്തിന്  ഭീഷണികള്‍ ഉയരുന്ന കാലഘട്ടത്തില്‍  ഭരണഘടനയും ചരിത്രവും ആഴത്തിലറിയാന്‍  യുവതലമുറ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ദാക്ഷായണി വേലായുധന്‍ ഡിജിറ്റല്‍ ആര്‍ക്കൈവിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ ജീവന്‍ നിലനില്‍ക്കുന്നത് പ്രയോഗതലത്തിലാണ്. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ഭാവിക്ക് ശരിയായ ചരിത്രബോധവും ഭരണഘടനയെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്.  മതനിരപേക്ഷതയുടെ പാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും  അപകടത്തിലാകും. ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

ഭരണഘടന നിര്‍മാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്ന ദാക്ഷായണി വേലായുധനെ പുതു തലമുറയ്ക്ക് അടുത്തറിയാന്‍ അവസരമൊരുക്കുന്ന ഡിജിറ്റല്‍ ആര്‍ക്കൈവസ് ക്രിയാത്മകമായ ചുവടുവയ്പ്പാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, രജിസ്ട്രാര്‍ ബിസ്മി ഗോപാലകൃഷ്ണന്‍,  ആര്‍ക്കൈവ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എം.ആരതി എന്നിവര്‍ സംസാരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937