23 November, 2024 06:34:32 PM
ദാക്ഷായണി വേലായുധനെ പുതുതലമുറയ്ക്ക് അടുത്തറിയാന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്സ്
കോട്ടയം: ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്ന ദാക്ഷായണി വേലായുധനെ പുതു തലമുറയ്ക്ക് അടുത്തറിയാന്‍ അവസരമൊരുക്കി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്. ദാക്ഷായണി വേലായുധന്‍റെ ജീവിതവും സേവനവും രാജ്യത്തിനു നല്‍കിയ സംഭാവനകളും വിശദമായി പ്രതിപാദിക്കുന്ന രീതിയില്‍ സജ്ജമാക്കിയ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നവബര്‍ 26ന് ഉദ്ഘാടനം ചെയ്യും.
ഭരണഘടനാ നിര്‍മാണ സഭയിലെ ദാക്ഷായണി വേലായുധന്‍റെ പ്രധാന പ്രസംഗങ്ങള്‍, ഈ സഭയിലെ മറ്റ് വനിതാ അംഗങ്ങളുടെ വിശദാംശങ്ങള്‍, ലിംഗനീതിയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സുപ്രീം കോടതിയുടെ പ്രധാന വിധികള്‍ തുടങ്ങിയവയും സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പിന്തുണയോടെ തയ്യാറാക്കിയ ആര്‍ക്കൈവ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2.30ന് സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. ബീന മാത്യു, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ആര്‍ക്കൈവ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എം.ആരതി എന്നിവര്‍ സംസാരിക്കും.
ഇതോടനുബന്ധിച്ച് രാവിലെ 10.30ന് പ്രഫ. കല്‍പ്പന കണ്ണബീരാന്‍ പ്രഭാഷണം നടത്തും. പ്രഫ. മോഹന്‍ ഗോപാല്‍ അധ്യക്ഷത വഹിക്കും. ദാക്ഷായണി വേലായുധന്‍റെ മകളും ചരിത്ര ഗവേഷകയുമായ പ്രഫ. മീര വേലായുധന്‍ സംസാരിക്കും.