23 November, 2024 06:29:48 PM
ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ സംസ്ഥാനത്തെ ആദ്യ അകൃതി കേന്ദ്രം എം.ജി സര്‍വകലാശാലയില്‍
കോട്ടയം: ഭാഭാ ആണവ കേന്ദ്രത്തിന്‍റെ (ബാര്‍ക്) സംസ്ഥാനത്തെ ആദ്യത്തെ അഡ്വാന്‍സ്ഡ് നോളജ് ആന്‍റ് റൂറല്‍ ടെക്നോളജി ഇംപ്ലിമെന്‍റേഷന്‍ സെന്‍റര്‍ (അകൃതി) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ആരംഭിക്കുന്നു. ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ പുത്തന്‍ ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്‍റെ ഉദ്ദേശ്യം. സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ മുഖേനയായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇതു സംബന്ധിച്ച ധാരണാ പത്രം നാളെ(നവംബര്‍ 25) രാവിലെ പത്തിന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പു വയ്ക്കും. അകൃതി സെന്‍ററിന്‍റെ ഉദ്ഘാടനം സര്‍വകലാശാലയിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സില്‍ പിന്നീട് നടക്കും.
കൃഷി, മാലിന്യ സംസ്കരണം, ശുദ്ധജല വിതരണം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 12 സാങ്കേതിക വിദ്യകള്‍ അകൃതി കേന്ദ്രത്തിലൂടെ വളരെ ചെറിയ തുകയ്ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കും. പരിസ്ഥിതി സംരക്ഷണംകൂടി ലക്ഷ്യമിടുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ സംരംഭങ്ങളായി മാറുന്നത് ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കും ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തല്‍.
ഭക്ഷ്യവസ്തുക്കള്‍ ഉണക്കി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സോളാര്‍ ഡ്രയര്‍, പഴവര്‍ഗങ്ങള്‍ ദീര്‍ഘകാലം കേടു കൂടാതെയിരിക്കുന്ന സംസ്കരണ സാങ്കേതിക വിദ്യ, വിളവെടുപ്പു കഴിഞ്ഞ ഭക്ഷ്യധാന്യകളില്‍ കീടങ്ങളുടെ ആക്രമണത്തെ ചെറുക്കുന്ന വൈബ്രോ തെര്‍മല്‍ ഡിസിന്‍ഫെസ്റ്റര്‍, കരിയിലകള്‍ അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ അതിവേഗം കംപോസ്റ്റാക്കി മാറ്റുന്ന സംവിധാനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ആവശ്യമുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അകൃതി കേന്ദ്രത്തിന്‍റെ ലൈസന്‍സ് നേടാം. ഇവ അടിസ്ഥാനമാക്കി സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഉത്പന്നങ്ങള്‍ വിപണം നടത്തുന്നതിനും ഈ കേന്ദ്രത്തിന്‍റെ പിന്തുണ ലഭിക്കും. കര്‍ഷകര്‍, വ്യവസായ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍, സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നേറിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഈ രംഗത്തെ വേറിട്ടൊരു ചുവടുവയ്പ്പാണ് അകൃതി കേന്ദ്രമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. കേന്ദ്ര ആണവ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഖ്യാത സ്ഥാപനമായ ഭാഭ ആണവ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാന്‍ കഴിയുന്നത് സര്‍വകലാശാലയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷണനാണ് അകൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.