26 October, 2024 06:35:35 PM


കാപ്‌കോസിന് 74 കോടിയുടെ ധനസഹായം; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി



കിടങ്ങൂർ: നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ  ധനസഹായം ലഭിച്ചു. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് ( ആർ. ഐ . ഡി. എഫ് ) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്‌കോസിന് അനുവദിച്ചതെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ അറിയിച്ചു.  സർക്കാർ ഗ്യാരന്റിയിലാണ് വായ്പഅനുവദിച്ചിരിക്കുന്നത്. 

കാപ്‌കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ്. ഇതിൽ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ആറുകോടി 33ലക്ഷം രൂപ 48 സംഘങ്ങളിൽ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു.  സംസ്ഥാനത്ത് പാലക്കാട് ഒഴികെ ഏല്ലാ ജില്ലകളും പ്രവർത്ത പരിധിയായുള്ള  കാപ്‌കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചു കഴിഞ്ഞു.ഊരാളുങ്കൽ  ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല . 

 പതിനെട്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന മുറയ്്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയയിൽ അധിഷ്ടമായ മില്ലാണ് നിർമ്മിക്കുന്നത് ഇവിടെ 50,000 മെട്രിക് ടൺ നെല്ല്  പ്രതിവർഷം സംസ്‌ക്കരിക്കാൻ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം ആധുനിക സൈലോകളാണ് ഇവിടെ സ്ഥാപിക്കുക. 3500 ടൺ ശേഷിയുള്ള 8 സൈലോകളാണ് സ്ഥാപിക്കുക.

 നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.  റൈസ് മില്ലിന്റെ നിർമാണം പതിനെട്ടുമാസത്തിനുള്ളിൽ പൂർത്തികരിച്ച് അരി ജനങ്ങൾക്ക് എത്തിക്കുന്ന രീതിയിലാണ്  നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂർത്തിയാകുന്നതോടെ അപ്പർ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാവുമെന്നും കാപ്‌കോസ്  നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K