19 October, 2024 05:04:34 PM


പേരൂരിൽ 220 കെ വി വൈദ്യുതി ലൈൻ പൊട്ടി വീണ് അപകടം ; ഒഴിവായത് വൻദുരന്തം



ഏറ്റുമാനൂർ: പേരൂർ പായിക്കാട് കവലയ്ക്ക് സമീപം 220 കെ വി വൈദ്യുതി ലൈൻ പൊട്ടി വീണ് അപകടം. ആളപായമില്ല.  ഇന്ന് ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് അപകടം. പൂവൻതുരത്തിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വൈദ്യുതി ലൈനാണ് പേരൂരിൽ ഡിസ്ക് തകരാറിലായി 11 കെ വി ലൈനിലേക്ക് പൊട്ടി വീണത്. അപകടത്തില്‍ സമീപത്തെ വീടിന് നാശനഷ്ടമുണ്ടായി.

കനത്ത മഴ പെയ്യുന്നതിനിടെ ലൈൻ പൊട്ടി വീണുണ്ടായ വൻ ശബ്ദം നാട്ടുകാരെ ഭീതിയിലാക്കി. വിവരം അറിഞ്ഞയുടൻ തന്നെ 11 കെ വി ഉൾപ്പെടെയുള്ള ലൈനുകൾ ഓഫാക്കിയതോടെ പേരൂർ പ്രദേശത്തു വൈദ്യുതി വിതരണം തടസപ്പെട്ടു. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പൊട്ടി വീണ ലൈൻ പുനസ്ഥാപിച്ച ശേഷം രാത്രിയോടെ മാത്രമേ പ്രദേശത്തു വൈദ്യുതി വിതരണം സാധ്യമാകൂ എന്ന് ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുൻപും പേരൂരിൽ ഇതേ  വൈദ്യുതി ലൈൻ പൊട്ടി വീണ് അപകടമുണ്ടായിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K