09 October, 2024 07:20:05 PM


ടൈംസ് ആഗോള റാങ്കിംഗ്; എം.ജി സര്‍വകലാശാലയ്ക്ക് മുന്നേറ്റം



കോട്ടയം: ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് മികച്ച നേട്ടം.2025 വര്‍ഷത്തേക്കുള്ള റാങ്കിംഗില്‍ സര്‍വകലാശാല 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്ക് മുന്നേറി. 2024ലെ റാങ്കിംഗില്‍ 501- 600 റാങ്ക് വിഭാഗത്തിലായിരുന്നു.  എം.ജി സര്‍വകലാശാലയ്ക്കു പുറമെ തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, സിമാറ്റ്സ് ഡീംഡ് സര്‍വകലാശാല, ഹിമാചല്‍ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്.

115 രാജ്യങ്ങളില്‍നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടികയില്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും യു.കെയിലെ ഓക്സഫഡ് സര്‍വകലാശാല ഒന്നാം സ്ഥാനം നിലനിര്‍ത്തി. അധ്യാപനം, ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്,  രാജ്യാന്തര വീക്ഷണം, വ്യവാസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്  ടൈംസ് റാങ്കിംഗ് തയ്യാറാക്കുന്നത്.

നാല്‍പ്പതു വര്‍ഷം പിന്നിട്ട മഹാത്മാ ഗാന്ധി സര്‍വകലാശാല കാലത്തിന്‍റെയും സാങ്കേതിക വിദ്യകളുടെയും മാറ്റത്തിനൊത്ത് വിവിധ മേഖലകളില്‍ നിലനിര്‍ത്തിവരുന്ന മികവിനുള്ള അംഗീകാരമാണ് റാങ്കിംഗിലെ മുന്നേറ്റമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. 2021 മുതല്‍ തുടര്‍ച്ചയായി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിംഗില്‍ ഇടം നേടുന്ന സര്‍വകലാശാല ഈ വര്‍ഷം ടൈംസ്  യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K