28 September, 2024 07:31:41 PM
വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കണം- ജോബ് മൈക്കിൾ
ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പു വരുത്തണമെന്ന് മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശേരി ടിബിയിൽ വെച്ച് നടന്ന യോഗത്തിൽ അധ്യക്ഷതവഹിച്ചുകൊണ്ട് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി കോളജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഒക്‌ടോബർ രണ്ടിനു തുടക്കം കുറിക്കും.
പൊതുസ്ഥലങ്ങളും പാതയോരങ്ങളും സൗന്ദര്യവത്ക്കരിക്കാനും മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടേയും സെക്രട്ടറിമാരുടെയും യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി.
നിയോജകമണ്ഡലം കൺവീനർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ജിഷ്ണു, ഹരിതസഹായ സ്ഥാപന ജില്ലാ കോ-ഓർഡിനേറ്റർ മനോജ്, നവകേരളം കർമ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സൺ പാർവതി, ടോണി, പുളിക്കൽ എന്നിവർ പങ്കെടുത്തു.
(കെഐഓപിആർ 2123/ 2024)