27 August, 2024 08:11:17 AM
സരസ്വതി
ജഗദംബികയായ സാക്ഷാൽ ശ്രീ സരസ്വതി ദേവിയാണ് ലോകത്തിലെ എല്ലാ ജീവികളുടെയും ഉള്ളിലിരുന്നു അവരിലുള്ള ശബ്ദബ്രഹ്മമായ ശക്തിയെ പുറത്തേക്ക് വിടുന്നത്. ശ്രീമത് ഭാഗവതത്തിൽ ശ്രീശുകൻ സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ടാണ് ഭാഗവതം ആരംഭിക്കുന്നതെന്ന് പറയുന്നു. ആരാണി സരസ്വതി? ശ്രീശുകന്റെ ഭാഷയിൽ ഭാഗവതത്തിന്റെ ഭാഷയിൽ ആ സരസ്വതി ബ്രഹ്മാവിന് ആദ്യം ഉപദേശം നൽകിയ ശക്തിയാണ്. നമ്മുടെയൊക്കെ ധാരണയിൽ ബ്രഹ്മാവിന് മഹാവിഷ്ണു ഉപദേശം നൽകി എന്നാണ് പറയുക. പക്ഷേ ഭാഗവതം പറയുമ്പോ ബ്രഹ്മാവിന് ഉപദേശം നൽകിയ ശക്തി വിശേഷമാണ് സരസ്വതി എന്ന പേരിൽ പിന്നീട് പ്രസിദ്ധയായത്. സരസ്വതി എന്നത് നമ്മുടെ ഉള്ളിൽ നിന്നും ക്രമേണ ക്രമേണ പ്രവഹിക്കുന്ന ഒരു ശബ്ദ ബ്രഹ്മ സ്വരൂപിണിയാണ്. ആ പ്രവാഹം അതങ്ങനെ സരസ് പോലെ പരന്നു പരന്നു ലോകത്ത് എവിടെയും ശബ്ദം. ആ ശബ്ദബ്രഹ്മത്തിന് ഒരു ദേവിയായി ഒരു പരദേവതയായി കാണാനാണ് ഭാഗവതം പറയുന്നത്. ബ്രഹ്മാവിന് ഭഗവാൻ തന്റെ ശബ്ദം ഉപദേശിച്ചു എന്ന് പറയുന്നയിടത്ത്
"യേനെ ബ്രഹ്മ കൃതായ: ആദിയായേ" എന്ന് ഉപദേശിക്കുന്നുണ്ട്. തന്റെ ഹൃദയത്തെ ബ്രഹ്മാവിലേക്ക് പകർന്നു കൊടുത്ത് ഹൃദയം കൊണ്ട് ഹൃദയത്തെ പകർന്നു കൊടുക്കുക. അത് ഒരു ദേവതാ രൂപത്തെ ഒരു ശക്തി സ്വരൂപത്തിൽ വന്നു അതാണ് സരസ്വതി എന്ന് പറയുന്നത്.
പ്രചോദിതാ ഏന പുരാ സരസ്വതി നിദം ന്യൂതാ അഗസ്ത്യ സതീം സ്മൃതി ഹൃദി വിചിന്നിതാ എന്നാണ് വാക്ക്. ബ്രഹ്മാവിന് ശരിയായ ഒരു ഓർമ്മ ഓ ഞാൻ എന്താ പറയേണ്ടത് എന്ന ഒരു ഓർമ്മ ഉണ്ടാക്കി കൊടുത്തത് ഈ ശക്തി വിശേഷമാണ്. ഈ സരസ്വതി ദേവിയാണ്. അതുകൊണ്ട് ആദ്യമായി സരസ്വതി ദേവിയെ ബ്രഹ്മാവിന്റെ മകളായിട്ട് സങ്കൽപ്പിച്ചു. പിന്നീട് അതേ ദേവിയെ തന്നെ ബ്രഹ്മാവിന്റെ പത്നിയായിട്ടും സങ്കൽപ്പിച്ചു. ഇത് രണ്ടും എങ്ങനെ യോജിക്കുമെന്ന് നമുക്ക് തോന്നാം. അപ്പോൾ നമ്മുടെയുള്ളിലെ ശക്തി വിശേഷത്തെ സ്വയം നോക്കിയാൽ മതി. നമുക്ക് ഒരേ സമയം നമ്മുടെ മകളും നമ്മുടെ പത്നിയുമാണ് സരസ്വതി ദേവി. അതായത് എന്തൊക്കെ നമുക്ക് ശക്തി വിശേഷമുണ്ടോ അതൊക്കെ പ്രേമ വാത്സല്യങ്ങളുടെ ഒരു ഓമന കുട്ടിയായിട്ട് കാണാനുള്ളതാണ് ആദ്യത്തെ ഭാഗം. അത് കഴിഞ്ഞ അത് തന്റെ എല്ലാമെല്ലാമാണ് പത്നിയാണ് എന്ന് പറയുമ്പോൾ തന്റെ തന്നെ പകുതി പാതി ആയിട്ട് കാണാനാകും. നമ്മുടെ ശക്തി വിശേഷത്തെ രണ്ട് രൂപത്തിലും ലോകത്തിന് പകർന്നു കൊടുക്കേണ്ടത് നമ്മുടെയൊക്കെ കടമയാണെന്ന് ഭാഗവതത്തിലെ ആ വാക്കുകൾ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് നമ്മളിൽ നിന്നും സരസ് പോലെ പ്രവഹിക്കുന്ന വാക്കുകൾ അത് ഈശ്വരനെ പറ്റിയായാൽ അത് ഏറ്റവും നല്ലത്. ഭാഗവതത്തിൽ അത് ചതുശ്ലോകി ഭാഗവതമായിട്ട് പറയുന്നുണ്ട്. ബ്രഹ്മാവിലേക്ക് ഭഗവാനിൽ നിന്നും പ്രവഹിച്ച ആ ശക്തി വിശേഷം ബ്രഹ്മാവ് ഒരു മകളെ പോലെ എടുത്തു വളർത്തി വലുതാക്കി ഒരു പത്നിയെ കൊണ്ട് ഏതെല്ലാം രീതിയിൽ നല്ല കാര്യങ്ങൾ ചെയ്യിപ്പിക്കുമോ അതെല്ലാം ചെയ്യിപ്പിച്ചു എന്നുള്ളതാണ് ഭാഗവതത്തിന്റെ ആദ്യഭാഗം. അതുകൊണ്ട് ആ സരസ്വതി ശക്തിയെ നമ്മളിൽ നിന്നും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ പാകത്തിന് ഭഗവതി നമ്മളെ ഓരോരുത്തരെയും സരസ്വതി ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.




