23 August, 2024 06:29:54 PM
സാംസ്കാരിക വൈവിധ്യ വിരുന്നൊരുക്കി 31 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍
കോട്ടയം: ഇന്ത്യ മുതല്‍ കൊളംബിയ വരെയുള്ള 31 രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ സംഗമം സാംസ്കാരിക വൈവിധ്യത്തിന്‍റെ വിരുന്നായി. സ്വന്തം രാജ്യത്തെ അഭിമാനത്തോടെ പരിചയപ്പെടുത്തിയ അവര്‍ തനത് കലാരൂപങ്ങളും അവതരിപ്പിച്ചു. ചിലരാകട്ടെ നാട്ടിലെ ഭക്ഷണ വിഭവങ്ങള്‍ സദസ്യര്‍ക്ക് വിളമ്പി. എം.ജി സര്‍വകലാശലയില്‍ നടന്ന വിദേശ വിദ്യാര്‍ഥികളുടെ സംഗമമായിരുന്നു വേദി.
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ (ഐ.സി.സി.ആര്‍) സാംസ്കാരിക വിനിമയ പ്രവര്‍ത്തനങ്ങളുടെ ആശയമുള്‍ക്കൊണ്ട് സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഇന്‍റനാഷണല്‍ കോ-ഓപ്പേറഷന്‍ (യു.സി.ഐ.സി) ആണ് പരിപാടി സംഘടിപ്പിച്ചത്.
എസ്വാതിനി, സെനഗള്‍, സാംബിയ, അഫ്ഗാനിസ്ഥാന്‍, കൊളംബിയ, മഡാഗാസ്കര്‍, ഉഗാണ്ട, ഇന്തോനേഷ്യ, റുവാന്‍ഡ, കെനിയ, ശ്രീലങ്ക, ബുറുണ്ടി, ടോഗോ, നമീബിയ, നൈജീരിയ, ദക്ഷിണ സുഡാന്‍, മലാവി, മൗറീഷ്യസ്, ഇറാഖ്, മാലി, ബംഗ്ലാദേശ്, ബോട്ട്സ്വാന, ഇറാന്‍, താന്‍സാനിയ, ലെസോത്തോ, വിയറ്റ്നാം, നേപ്പോള്‍, ഝാഡ്, എത്യോപ്യ, യെമന്‍ എന്നീ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധികളും വേദിയിലെത്തി.
യു.സി.ഐ.സി ഡയറക്ടര്‍ ഡോ. സജിമോന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. ഐ.സി.സി.ആര്‍ മേഖലാ ഡയറക്ടര്‍ പ്രദീപ് കുമാര്‍ ഓണ്‍ലൈനില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടോണി കെ. തോമസ്, പ്രഫ. സജ്ന ജലീല്‍ തുടങ്ങിയവരും പങ്കെടുത്തു.