09 July, 2024 08:39:50 PM


ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 


ചങ്ങനാശ്ശേരി : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കോമങ്കേരി ചിറ ഭാഗത്ത് ചെമ്പുച്ചിറ വീട്ടിൽ സുധീഷ് സി.കെ (40) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 5:30 മണിയോടുകൂടി ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ യുവാവിനെ ഇയാളുടെ സഹോദരന്റെ വീട്ടിൽ വച്ച് ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട്  യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് തന്റെ സഹോദരന്റെ മുടി വെട്ടികൊണ്ടിരുന്നത് ഇയാൾ തടസ്സപ്പെടുത്തിയത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ്  ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ.എം, സന്തോഷ്.എസ്, എബ്രഹാം റ്റി.എം, എ.എസ്.ഐ സുനിൽ പി.ജെ, സി.പി.ഓ ഷാജിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K