29 May, 2024 09:08:25 AM
ഓണം
ഉത്സവം
*വിളവെടുപ്പിന്റെ ഉത്സവം*
- ശശികല മേനോന്
വര്ണാഭമായ സുഗന്ധ പുഷ്പങ്ങളാല് മുറ്റങ്ങളിലൊക്കെ പൂക്കളത്തിന്റെ നിറവ്. 'കാണം വിറ്റും ഓണമുണ്ണണം' എന്ന ചൊല്ല് അന്വര്ഥമാക്കി കൊണ്ട് എല്ലാ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഓണം നമുക്ക് പകര്ന്നു തരുന്നത് മഹത്തായ ഒട്ടേറെ സത്സന്ദേശങ്ങള്.
അത്തം മുതല് നാം പൂവിട്ടു തുടങ്ങുന്നു. ഓരോ ദിവസവും പൂക്കളം വലുതായി വരുന്നു. തിരുവോണത്തിന് തറയൊരുക്കി ചാണകം മെഴുകി നാക്കിലയില് പീഠം വെച്ച് അരിമാവുകൊണ്ട് കോലമിട്ട് പൂക്കളത്തില് തൃക്കാക്കരയപ്പന്, മാവേലി, ശിവന് എന്നീ സങ്കല്പ്പത്തില് മാതേവരെ വയ്ക്കുന്നു. ഓണവുമായി ബന്ധപ്പെട്ട് മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് പ്രധാനമെങ്കിലും പ്രാദേശികമായി വ്യത്യസ്തങ്ങളായ കഥകളും നിലനില്ക്കുന്നുണ്ട്. ഒപ്പം വേറിട്ട ആചാരങ്ങളും കലാരൂപങ്ങളും ഒക്കെ നമുക്ക് ദര്ശിക്കാനാവും.
വാമനരൂപത്തില് എത്തിയ മഹാവിഷ്ണു മഹാബലി ചക്രവര്ത്തിയോട് മൂന്നടി മണ്ണ് ആവശ്യപ്പെടുകയും അടുത്ത മന്വന്തരത്തില് ഇന്ദ്രപദവി വാഗ്ദാനം ചെയ്ത് സുതലത്തിലേക്ക് അയക്കുകയും ചെയ്തതാണ് പൊതുവെ എല്ലാവര്ക്കും അറിയാവുന്ന കഥ. ബ്രാഹ്മണനോ പണ്ഡിതനോ ആരായാലും നല്ല ഭരണം കാഴ്ചവയ്ക്കണമെന്നും അഹങ്കാരത്തിന്റെ ഫലം ആരായാലും അനുഭവിക്കണമെന്നും തുടങ്ങിയുള്ള ഒട്ടനവധി നല്ല സന്ദേശങ്ങള് ഈ പൗരാണിക ഐതിഹ്യത്തില് അടങ്ങിയിരിക്കുന്നു. എല്ലാ ജീവജാലങ്ങളിലും ഒരേ ചൈതന്യമാണെന്നും ആകാശവ്യാപ്തിക്കുമുന്നില് നാം നിസാരരാണെന്നും ഗുരുവചനങ്ങള് അനുസരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വാമനന്റെ മൂന്ന് ചുവടുകള് നമ്മെ ബോധ്യപ്പെടുത്തുന്നു.
വരുണനില്നിന്ന് കേരളം ബ്രാഹ്മണര്ക്ക് ദാനം ചെയ്ത പരശുരാമന് ചില കാരണങ്ങളാല് അവരുമായി പിണങ്ങിപോകുകയും പിന്നീട് മാപ്പപേക്ഷിച്ച ബ്രാഹ്മണര്ക്ക് വര്ഷത്തിലൊരിക്കല് തൃക്കാക്കരയില് എത്തികൊള്ളാമെന്ന് ഉറപ്പുനല്കുകയും ചെയ്തുവത്രേ. ഈ ദിവസമാണ് ഓണമായി ആഘോഷിക്കുന്നതെന്നും പറയുന്നു. സിദ്ധാര്ത്ഥന് എന്ന രാജകുമാരന് ശ്രാവണ (ചിങ്ങം) മാസത്തിലാണ് ബോധോദയമുണ്ടായി ശ്രീബുദ്ധന് ആയതെന്നും ഈ ദിനമാണ് ഓണമായി ആഘോഷിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. ശ്രാവണം ഓണമായി മാറിയതാണത്രേ. ഒരിക്കല് തൃക്കാക്കര ആക്രമിച്ച ഗുപ്തസാമ്രാജ്യ രാജാവായിരുന്ന സമുദ്രഗുപ്തനെ മന്ഥതിരുമനസ് അതിസമര്ത്ഥമായി നേരിട്ട് യുദ്ധം രമ്യതയില് അവസാനിപ്പിച്ചു. ആ ദിവസം ഓണമായി ആഘോഷിക്കാന് രാജാവ് വിളംബരം ചെയ്തുവെന്നാണ് മറ്റൊരു കഥ.
ഓണവുമായി ബന്ധപ്പെട്ട പ്രാദേശികകലാരൂപങ്ങളും ആചാരങ്ങളും ഒന്ന് പരിശോധിക്കാം.
*ഓണേശ്വരന്*
വടക്കന് മലബാറില് ഓണത്തിന്റെ വരവറിയിച്ച് വീടുകളില് എത്തുന്ന തെയ്യമാണ് ഓണേശ്വരന് (ഓണപൊട്ടന്). മണികിലുക്കി, താളം ചവിട്ടി, ഒന്നും ഉരിയാടാതെ വേഗത്തില് നടന്ന് വീടുകള് കയറിയിറങ്ങുന്ന ഓണപ്പൊട്ടനെ ഓണക്കോടിയും അരിയും ദക്ഷിണയും നല്കി വീട്ടുകാര് സ്വീകരിക്കുന്നു. കോഴിക്കോട് നാദാപുരം പരപ്പന ക്ഷേത്രത്തില് ഓണപ്പൊട്ടന്റെ പ്രതിഷ്ഠയുണ്ട്.
ശിവപാര്വതി സങ്കല്പത്തിലുള്ള ഉത്തര മലബാറിലെ ആടിവേടന് തെയ്യം, കര്ക്കിടക ദോഷങ്ങളകറ്റി ഐശ്വര്യമുണ്ടാവാന് കടത്തനാടന് ഗ്രാമങ്ങളിലെത്തുന്ന മഹാലക്ഷ്മിയുടെ പ്രതിരൂപമായ ശീപോതി തെയ്യം, മൂന്നാം ഓണത്തിന് തുടങ്ങി 16 ദിവസം നീണ്ടുനിന്ന് ചിങ്ങത്തിലെ പൂരത്തിനവസാനിക്കുന്ന നിലമ്പേരൂര് പടയണി തുടങ്ങി ഒട്ടേറെ ആചാരാനുഷ്ഠാനങ്ങള് ഓണത്തോടനുബന്ധിച്ചു നടക്കുന്നു.
*ഓണക്കൊയ്ത്ത്, ഇല്ലംനിറ*
മേടം, ചിങ്ങം എന്നീ രണ്ട് കാര്ഷിക സംക്രമകാലങ്ങളാണ് നമുക്കുള്ളത്. മേടത്തില് വിതച്ച് ചിങ്ങത്തില് കൊയ്ത്തോടെ അവസാനിക്കുന്നതും 'ഓണക്കൊയ്ത്ത്' എന്നറിയപ്പെടുന്നതുമായ വിളവെടുപ്പ് കാലം നെല്ലറകളായ കുട്ടനാട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില് പ്രധാനപ്പെട്ട കൊയ്ത്തുത്സവമാണ്. തെക്കന് തിരുവിതാംകൂറില് ചിങ്ങം, കന്നി മാസങ്ങളിലെ മകം നാള് നെല്ലിന്റെ പിറന്നാളായി ആഘോഷിക്കുന്നു. കര്ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയാണ് ഇല്ലം നിറ. പൂജിച്ച നെല്ക്കതിര് പത്തായത്തിലും പൂജാമുറിയിലും വയ്ക്കുന്ന ചടങ്ങാണിത്. എന്നാല് കാസര്ഗോഡിന്റെ പ്രത്യേകത ഉത്രാടം നിറയാണ്. ഗുരുവായൂര്, ശബരിമല, ഹരിപ്പാട് തുടങ്ങിയ ക്ഷേത്രങ്ങളില് നിറപുത്തിരി വളരെ പ്രധാനമാണ്.
*കറ്റപാട്ട് കഴിക്കല്*
വടക്കേ മലബാറില് വിളയാറായ വയലുകളില് പുള്ളുവര് വീണമീട്ടി പാടി അധികം മൂപ്പെത്താത്ത കുറച്ചു കതിരുകള് പറിച്ച് ഇലയില് വെച്ച് കറ്റപാട്ട് കഴിക്കല് എന്ന ചടങ്ങു നടത്താറുണ്ട്. കര്ഷകനും വിളകള്ക്കും കന്നുകാലികള്ക്കും ഐശ്വര്യം വരട്ടെയെന്ന ഈ പ്രാര്ഥനഭൂമിയിലെ ജീവജാലങ്ങള്ക്കായി ശ്രീ ഭഗവതി വിത്ത് വാരി വിതച്ചു എന്ന് പുരാവൃത്തകഥനത്തോടെയാണ്.
*ഓച്ചിറ കാളവേല*
കന്നിയിലെ തിരുവോണനാളില് (ഇരുപതിയെട്ടാം ദിവസം) നടക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓണാഘോഷത്തിന് പ്രത്യേകത ഏറെ. പൂക്കളമൊരുക്കുന്നതു കൂടാതെ ഓണാട്ടുകരയിലെ 52 കരക്കാര് മത്സരബുദ്ധിയോടെ കെട്ടുകാളകളെ (കാളവേല) അണിയിച്ചൊരുക്കുന്നു.
*കമ്പള നാട്ടി*
വയനാട്ടില് ഓണക്കാലത്ത് കൃഷിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഞാറുനടീല് ഉത്സവമാണ് കമ്പള നാട്ടി. ഇടവപ്പാതിയെ ആശ്രയിച്ചുള്ള നഞ്ചകൃഷിയ്ക്കായി ഉഴുതുമറിച്ച കമ്പളയെന്ന പാടത്ത് നൃത്തചുവടുകളോടെ ഞാറു നടുന്നത് വലിയ ആഘോഷമാണിവിടെ.
*ഓണവില്ല്*
തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തില് തിരുവോണ ദിവസം ഭഗവാന് സമര്പ്പിക്കുന്ന കലാസൃഷ്ടിയാണ് പുരാണകഥകള് ആലേഖനം ചെയ്ത ഓണവില്ല്. കരമന മേലാറന്നൂര് വിളയില് കുടുംബക്കാര്ക്കാണ് വില്ല് നിര്മ്മിക്കാനുള്ള അവകാശം. വിശ്വരൂപം കാട്ടികൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും ഉപകഥകളും കാണണമെന്ന് മഹാബലി അഭ്യര്ഥിച്ചു. വിഷ്ണുവിന്റെ ആവശ്യപ്രകാരം വിശ്വകര്മ്മാവാണത്രെ ആദ്യ ഓണവില്ല് ഇപ്രകാരം നിര്മ്മിച്ചു നല്കിയത്. തന്റെ സന്നിധിയില് ഓണത്തിനെത്തുന്ന മഹാബലിക്ക് വിശ്വകര്മ്മജരെ കൊണ്ട് അവതാരചിത്രങ്ങള് കാണിച്ചു തരാമെന്നും ഭഗവാന് വാഗ്ദാനം നല്കി.
*ഓണക്കാഴ്ച*
ഗുരുവായൂരിലടക്കം പല ക്ഷേത്രങ്ങളിലും നടക്കുന്ന കാഴ്ച സമര്പ്പണത്തിന് ഓണക്കാല ചടങ്ങുകളില് വളരെ പ്രാധാന്യമുണ്ട്. ഉത്രാടത്തിന് ലഭിക്കുന്ന വാഴക്കുല കൊണ്ടാണ് ഗുരുവായൂരില് തിരുവോണ സദ്യയ്ക്ക് പഴം പ്രഥമന് ഉണ്ടാക്കുക. വാഴക്കുലയും മറ്റ് കാര്ഷികോത്പന്നങ്ങളും തന്നെയാണ് പല ക്ഷേത്രങ്ങളിലും ഇന്നും ഓണത്തിന് സമര്പ്പിക്കുക.
ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യ നന്മക്കുവേണ്ടിയുള്ള പ്രാര്ഥനകളും സല്കര്മ്മങ്ങള് ചെയ്യാന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളുമാണെന്നത് അഭിമാനകരവും ആശ്വാസകരവുമാണ്. ആര്ഷ ഭാരത സംസ്കാരത്തിന്റെയും സനാതന ധര്മത്തിന്റെയും ഉള്ക്കാഴ്ചയിലേക്ക് ഇറങ്ങിചെന്ന് മാനസികോന്നതിയും സമൂഹനന്മയ്ക്കുള്ള ആര്ജവവും ലഭിക്കാനുള്ള അവസരം കണ്ടെത്താനുള്ള വഴി മലയാളിക്കുള്ളതുപോലെ മറ്റാര്ക്കുമില്ലെന്നുതന്നെ പറയാം.




