25 May, 2024 05:50:02 PM


വയോജനങ്ങളുടെ പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കണം- അഡ്വ. ഇന്ദിര രവീന്ദ്രന്‍



ചങ്ങനാശേരി: വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍(ആര്‍ഡിഒ) സത്വര നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.
2007ലെ വയോജന സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരാതികള്‍ തീര്‍പ്പാക്കേണ്ടത് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരുടെ ചുമതലയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, അയല്‍പക്കക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതിയുടെ ഇടപെടലുണ്ടാകണം. കുടുംബഭദ്രത ഇല്ലാതാകുന്നതിന് മദ്യപാനവും ലഹരിയും കാരണമാകുന്നുവെന്നും വനിതാ കമ്മിഷനംഗം പറഞ്ഞു. 
സിറ്റിങ്ങില്‍ എട്ടുപരാതികള്‍ തീര്‍പ്പാക്കി. 72 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 80 പരാതികളാണ് പരിഗണിച്ചത്. അഡ്വ. സി.കെ. സുരേന്ദ്രന്‍, അഡ്വ. സി. ജോസ്, അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ.ഷൈനി ഗോപി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K