18 April, 2024 08:21:02 PM
യുവാവിന്‍റെ കൈയിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ 2പേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി: യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പാലച്ചുവട് ഭാഗത്ത് കടുവാക്കുഴി വീട്ടിൽ (പനച്ചിക്കാട് വെള്ളുത്തുരുത്തി ഭാഗത്ത് വാടകയ്ക്ക് താമസം) സരുൺ സലി (37), വാഴപ്പള്ളി ഭാഗത്ത് പറാച്ചേരി വീട്ടിൽ ലിറ്റിൽ എന്ന് വിളിക്കുന്ന ജിത്തുമോൻ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പതിമൂന്നാം തീയതി രാത്രി 08.00 മണിയോടുകൂടി ഇവർ താമസിച്ചിരുന്ന ചങ്ങനാശ്ശേരിയിലെ ഹോട്ടലിലെ റൂമിന് സമീപം എത്തിയ യുവാവിനെ മർദ്ദിക്കുകയും,കത്രിക കാണിച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കയ്യിലുണ്ടായിരുന്ന ഐഫോണും, വാച്ചും ഊരി വാങ്ങുകയും, കൂടാതെ ഫോണിലെ ഗൂഗിൾ പേ പാസ്സ്‌വേർഡ് വാങ്ങിയശേഷം യുവാവിന്റെ അക്കൗണ്ടിൽ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് 35,500 രൂപ അയച്ച് തട്ടിയെടുക്കുകയുമായിരുന്നു. ഇതിനുശേഷം 10 ലക്ഷം രൂപ ഇവർക്ക് നൽകിയില്ലെങ്കിൽ ഫോണിലെ യുവാവിന്റെ ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ വിനോദ് കുമാർ, എ. എസ്.ഐ മാരായ രതീഷ്, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, നിയാസ്,ഡെന്നി ചെറിയാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സരുൺ സലിക്ക് വാകത്താനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.