25 March, 2024 07:26:51 PM
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; തൃക്കൊടിത്താനത്ത് 5 പേർ അറസ്റ്റിൽ
തൃക്കൊടിത്താനം : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിച്ചിറ കവല മുണ്ടുകോട്ട സ്വദേശികളായ തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന അമൽ ഓമനക്കുട്ടൻ (24), നടുവിലേക്കൂറ്റ് വീട്ടിൽ ലിജോ മാത്യു (23),തടത്തിൽ പറമ്പിൽ വീട്ടിൽ കോഴി മനു എന്ന് വിളിക്കുന്ന മനു പ്രദീപ് (25) തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിതിൻ എന്ന് വിളിക്കുന്ന അരുൺ ഓമനക്കുട്ടൻ (32) കൊച്ചുപറമ്പിൽ വീട്ടിൽ അഖിൽ (23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഇവർ എട്ടു മണിയോടുകൂടി മുണ്ടുകോട്ട ഭാഗത്തേക്ക് മോട്ടോർസൈക്കിളിൽ വരികയായിരുന്ന പായിപ്പാട് നാലുകോടി സ്വദേശിയായ യുവാവിന്റെ വണ്ടി തടഞ്ഞുനിർത്തി താക്കോൽ ഊരിയ ശേഷം യുവാവിനെ ചീത്തവിളിക്കുകയും നെഞ്ചക്ക്, ഇടിക്കട്ട, വടി മുതലായവ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിനോട് ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇവർ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ അനൂപ് ജി, എസ്.ഐ അഖിൽ ദേവ്, സി.പി.ഓ മാരായ അനീഷ് ജോൺ, ബിനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.