08 March, 2024 08:50:54 PM
തൃക്കൊടിത്താനത്ത് സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തൃക്കൊടിത്താനം : സഹോദരങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് മമ്പള്ളി കോളനി ഭാഗത്ത് മമ്പള്ളി വീട്ടിൽ( തൃക്കൊടിത്താനം കുന്നുംപുറം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) ജിസ് ബിജു (25) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജനുവരി 22 ആം തീയതി പായിപ്പാട് സ്വദേശികളായ സഹോദരങ്ങളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രി 9 മണിയോടുകൂടി ഇവരുടെ വീടിനു സമീപം വച്ച് ജിസ്‌ബിജു ഇവരെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും, തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇരുവരുടെയും തലയ്ക്ക് അടിക്കുകയുമായിരുന്നു.
ജിസ് ബിജുവും, സുഹൃത്തുക്കളും സഹോദരങ്ങളുടെ വീടിനു സമീപം രാത്രികാലങ്ങളിൽ പാട്ടുപാടി ബഹളം വയ്ക്കുന്നതിനെ ഇവർ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇയാൾ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിനൊടുവിൽ ഇയാളെ വയനാട് നിന്നും പിടികൂടുകയായിരുന്നു.
ഇയാൾ തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കൂടാതെ മണർകാട്, തിരുവല്ല, മാന്നാർ, പുളിക്കീഴ്,ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും ഇയാൾക്ക് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്. ഐ അഖിൽദേവ് എ.എസ്, സി.പി.ഓ മാരായ അരുൺ.എസ്, സെൽവരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.