29 December, 2023 02:58:31 PM
വൈജ്ഞാനിക സമൂഹ സൃഷ്ടി ലക്ഷ്യമിടുന്ന പദ്ധതികളുമായി എം.ജി സർവകലാശാലാ ബജറ്റ്
> വരവ് 715.18 കോടി രൂപ, ചിലവ് 746.42 കോടി രൂപ
> ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠന-ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപ
> തിരുവല്ലയിൽ മാർ ക്രിസോസ്റ്റം അന്താരാഷ്ട്ര സാറ്റലൈറ്റ് കാമ്പസ്
> ഏറ്റുമാനൂരിൽ അക്കാദമിക് സിറ്റിയും സയൻസ് പാർക്കും
> 9 പുതിയ പഠന വകുപ്പുകൾ തുടങ്ങും
> സമ്പൂർണ സോളാർ കാമ്പസ്
പദ്ധതിക്ക് അഞ്ചു കോടി രൂപ
കോട്ടയം : വൈജ്ഞാനിക സമൂഹ സൃഷ്ടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന നൂതന പദ്ധതികൾക്ക് മുൻണന നൽകി മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ.
മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ധനകാര്യ ഉപസമിതി കൺവീനർ ഡോ. ബിജു തോമസാണ് 715.18 കോടി രൂപ വരവും 746.42 കോടി രൂപ ചിലവും 31.24 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.
ഏറ്റവും വലിയ സമ്പത്തായ വിജ്ഞാനത്തെ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് ബജറ്റിൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേക്കാൾ അധികമായി ചിലവ് ചുരുക്കലിന് ഊന്നൽ നൽകുന്നുണ്ടെന്ന് ഡോ. ബീന മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വികസന പ്രവർത്തനങ്ങൾക്കായി പുറത്തുള്ള ധനസഹായ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽനിന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നും ധനസഹായം തേടാൻ ഉദ്ദേശിക്കുന്നു. അക്കാദമിക്-ഗവേഷണ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ തയ്യാറാക്കി തനതു വരുമാനത്തെ ബാധിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഭക്ഷ്യ, ടൂറിസം മേഖലകളിലെ വർധിച്ചു വരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന അക്കാദമിക്-ഗവേഷണ പ്രവർത്തനങ്ങൾക്കായി അന്തർദേശിയ നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആന്റ് റിസർച്ച് ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ആന്റ് ഫുഡ് പ്രോസസിംഗ് ടെക്നോളജി(ഐ.എ.എസ്.ആർ.എച്ച്.എം.എഫ്.ടി) സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രമുഖ വിദേശ സർവകലാശാലകളുമായും അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളും സ്റ്റുഡൻറ്, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഈ കേന്ദ്രത്തിൽ നടത്തും. ഹോട്ടൽ വ്യവസായ മേഖലയുമായുള്ള സഹകരണം, ബിസിനസ് ഇന്നവേഷൻ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.
മാർത്തോമാ സഭ സർവകാലാശാലയ്ക്ക് തിരുവല്ലയിൽ നൽകുന്ന സ്ഥലത്ത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാറ്റലൈറ്റ് കാമ്പസ് തുടങ്ങും. സർവകലാശാല സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികം പ്രമാണിച്ച് സജ്ജമാക്കുന്ന ഈ കാമ്പസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് കൊമേഴ്സ് ആന്റ് മാനേജ്‌മെന്റ്, മഹാത്മാ ഗാന്ധി സെന്റർ ഫോർ ലോക്കൽ ഗവേണൻസ് ആന്റ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാർ ക്രിസോസ്റ്റം സെന്റർ ഫോർ തിയോളജിക്കൽ റിസർച്ച്, സെന്റർ ഫോർ ഇന്റർ ഡിസിപ്ലിനറി റിസർച്ച് ആന്റ് ലേണിംഗ് എന്നിവ ഉൾപ്പെടുന്നതായിരിക്കും. പദ്ധതിക്കായി മാർത്തോമാ സഭ വാഗ്ദാനം ചെയ്തിട്ടുള്ള ഒരു കോടി രൂപയ്ക്കൊപ്പം ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഗവേഷണ വൈദഗ്ധ്യവും പ്രതിഭാശാലികളായ വിദ്യാർഥികളുടെ മികവും പ്രയോജനപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഒരു അക്കാദമിക് സിറ്റിയും സയൻസ് പാർക്കും സ്ഥാപിക്കും. ആശയങ്ങളെ സംരംഭങ്ങളായി വളർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ സ്വയംഭരണ സ്ഥാപനമായി തുടങ്ങാനാകുമെന്ന് ബജറ്റ് നിർദേശിക്കുന്നു. സർവകലാശാലയിലെ മികച്ച അധ്യാപകരുടെയും ഗവേഷകരുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്താനാകും. വിപുല വികസനവും തൊഴിൽ ലഭ്യതയും രാജ്യാന്തര തലത്തിൽ ഉന്നത വിദ്യാഭ്യാസ സാധ്യതയും ഒരുക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ആഗോള താപനത്തെയും പരിസ്ഥിതി അസന്തുലിതാവസ്ഥയെയുംകുറിച്ചുള്ള അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അൻപതു ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിനോടനുബന്ധിച്ച് ഒരു ഇന്റർ സ്‌കൂൾ സെന്റർ എന്ന നിലയിൽ കേന്ദ്രം ആരംഭിക്കാനാകും. ആഗോളതാപനം മൂലമുള്ള പാരിസ്ഥിതിക ആഘാതങ്ങൾ സംബന്ധിച്ച പഠനമാണ് പ്രസ്തുത കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും സംസ്ഥാനം നേരിടുന്ന പ്രകൃതി ക്ഷോഭങ്ങളും അനുബന്ധ ദുരന്തങ്ങളും ഗവേഷണ വിഷയങ്ങളാക്കാനാകും.
നാലു വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ നീക്കിവച്ചിരിക്കുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ സർവകലാശാലയെ കൂടുതൽ പരിചിതമാക്കുന്നതിന് മുഴുവൻ സമയ സമൂഹ മാധ്യമ സെൽ രൂപീകരിക്കുന്നതിനായി പത്തു ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡവലപ്മെന്റൽ സ്റ്റഡീസിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പ്രോഗ്രാം, സർവകലാശാലയുടെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെയും കാമ്പസുകൾ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കർമ പരിപാടി, മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട വിപുലമായ ഡോക്യുമെന്റേഷനുവേണ്ടി മഹാത്മാ ആർക്കൈവ്സ്, സർവകലാശാലാ ഭരണ വിഭാഗത്തിൽ ഗാന്ധി സ്മൃതി ഡിജിറ്റൽ തീയറ്റർ എന്നിവ ആരംഭിക്കും. ഈ പ്രവർത്തനങ്ങൾക്കായി അൻപതു ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
ഏപ്രിൽ-മെയ് മാസങ്ങളിലായി അക്കാദമിക് കാർണിവൽ നടത്തുന്നതിന് 20 ലക്ഷം രൂപയും സർവകലാശാലാ കാമ്പസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി യവനിക കാമ്പസ് കാർണിവൽ നടത്തുന്നതിന് പത്തു ലക്ഷം രൂപയും ലഭ്യമാക്കും.
അന്താരാഷ്ട്ര അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളെ സർവകലാശാലയിലെ ഗവേഷണ സമൂഹത്തിന് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്ന റിസർച്ച് ഫെസ്റ്റിന് രണ്ടു ലക്ഷം രൂപയും ഓപ്പൺ ജിംനേഷ്യത്തിന് അഞ്ചു ലക്ഷം രൂപയും സർവകലാശാലാ ഹെൽത്ത് സെന്ററിന്റെ ഭാഗമായി പരിശീലനം ലഭിച്ച വിദ്യാർഥി സന്നദ്ധ പ്രവർത്തകരുടെ മുഴുവൻ സമയ സേവനം കാമ്പസിൽ ലഭ്യമാക്കുന്ന പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയും ചിലവിടും.
വിദ്യാർഥികൾക്ക് പഞ്ചിംഗ് സൗകര്യവും ആർഎഫ്ഐഡി തിരിച്ചറിയൽ കാർഡും നൽകുന്നതിന് രണ്ടു ലക്ഷം രൂപ ചിലവഴിക്കും. സമ്പൂർണ സൗരോർജ്ജ കാമ്പസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ കെട്ടിടങ്ങളുടെ മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം, വിവിധ രാജ്യങ്ങളിലെ റിക്രൂട്ട്മെന്റ് ഏജൻസികളെ ഏകോപിപ്പിച്ച് തൊഴിൽ മേള, നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി കാമ്പസിൽ എല്ലാവർക്കും 24 മണിക്കൂറും സൗജന്യ വൈഫൈ സേവനം ലഭിക്കുന്ന കസ്തൂർബ വൈഫൈ ഹോട്ട്സ്പോട്ടുകൾ, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സ്‌കൂളുകളിൽ ഉൾപ്പെടെ ബോധവത്കരണ യജ്ഞം എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നു.
2023-24 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കാൻ സാധിച്ചതായി ഡോ. ബിജു തോമസ് പറഞ്ഞു. നൂതന വിഷയങ്ങളിൽ ഒൻപതു പഠന വകുപ്പുകൾ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രസ്തുത പദ്ധതിക്കായി പുതിയ ബജറ്റിൽ പത്തു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
സർവകലാശാലയുടെ ഹരിത പ്രോട്ടോക്കോൾ പദ്ധതിയായ നിർമലം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അഞ്ചു ലക്ഷം രൂപ ചിലവഴിക്കും.
സിൻഡിക്കേറ്റ് അംഗങ്ങളായ ജോബ് മൈക്കിൾ എം.എൽ. എ, അഡ്വ. റെജി സക്കറിയ,
പി. ഹരികൃഷ്ണൻ, ഡോ.നന്ദകുമാർ കളരിക്കൽ, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. കെ. ജയചന്ദ്രൻ.
എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.