20 September, 2023 11:41:17 AM
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്‍റെ പരാക്രമം
തൃപ്പൂണിത്തുറ: സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിന്‍റെ അക്രമം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് കഞ്ചാവ് ലഹരിയില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് അക്രമം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കായെത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമാസക്തനായ യുവാവ് ലേബര്‍ റൂമില്‍ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പിന്നീട് തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കീഴടക്കിയത്. ഇരുകൈകളും കെട്ടിയിട്ട ശേഷവും ശാന്തനാവാതിരുന്ന ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.