10 November, 2023 04:27:28 PM
കേരളവര്‍മ്മ കോളേജ് തിരഞ്ഞെടുപ്പ്; റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കേരള വർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി. എല്ലാ സീറ്റിലേക്കും കൂടി ഒറ്റ ബാലറ്റ് പേപ്പർ എന്ന രീതി തെറ്റാണ്. നിയമം കൃത്യമായി പാലിച്ചിരുന്നു എങ്കിൽ തർക്കം ഉണ്ടാകുമായിരുന്നില്ല. റിട്ടേണിംഗ് ഓഫീസർ ഒറിജിനൽ രേഖകളിൽ ഒപ്പുവെച്ചിട്ടില്ല.
അസാധു വോട്ട് മാറ്റി വെക്കാതെ വീണ്ടും എണ്ണിയത് തെറ്റാണ്. ഇത് റിട്ടേണിംഗ് ഓഫീസർ കോടതി മുൻപാകെ സമ്മതിച്ചു. ആരാണ് കൗണ്ടിംഗ് ഓഫീസർമാരെ തീരുമാനിച്ചതെന്നും എന്തായിരുന്നു മാനദണ്ഡമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. കെഎസ്‌യുവിൻ്റെ ചെയർമാൻ സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ചാണ് കെഎസ്‌യു നിയമനടപടിയുമായി മുന്നോട്ട് പോയത്. ഒരു വോട്ടിന് കെഎസ്‌യു സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരിൽ അട്ടിമറി നടത്തിയെന്നായിരുന്നു ആക്ഷേപം. തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. 11 വോട്ടിന് ചെയർമാൻ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ ജയിച്ചതായും എസ്എഫ്ഐ പറഞ്ഞു.