25 November, 2023 08:10:41 PM
കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും നാല് മരണം.
കൊച്ചി: കളമേശരി കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും തിരക്കിലും പെട്ടാണ് ഞെട്ടിക്കുന്ന ദുരന്തമുണ്ടായത്.
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി,നോർത്ത് പറവൂർ സ്വദേശിനി ആൻ, ഇതര സംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദാമു, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ് എന്നിവരാണ് മരിച്ചത്.
46 പേരെ കുഴഞ്ഞ് വീണും മറ്റും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓപ്പൺ സ്റ്റേജിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ തള്ളിക്കയറി. ഇതിനിടെയാണ് തിക്കും തിരക്കിലും പെട്ട് വിദ്യാർത്ഥികൾക്ക് അപകടമുണ്ടായത്.
ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്. ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. എൻജിനീയറിങ് വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി. പരിപാടിക്കായി മറ്റ് ഡിപ്പാര്‍ട്മെന്‍റുകളിലെ വിദ്യാര്‍ഥികള്‍ക്ക് കയറാൻ ഗേറ്റിനടുക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. പുറത്ത് മഴ പെയ്തതും കൂടുതല്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി.
ഗേറ്റ് തുറന്നതോടെ വിദ്യാര്‍ഥികള്‍ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്ന്. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികള്‍ വീണത്. പിന്നാലെയെത്തിയവര്‍ ഇവര്‍ക്ക് മേലെ വീണു. പിറകില്‍ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവര്‍ അടിയില്‍ കുടുങ്ങുകയായിരുന്നു.
കുസാറ്റിലെ സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിന്‍റെ നേതൃത്വത്തിലാണ് വര്‍ഷം തോറുമുള്ള ടെക് ഫെസ്റ്റായ ധിഷ്ണ നടക്കുന്നത്. നവംബര്‍ 24, 25, 26 തിയതികളിലാണ് പരിപാടി നിശ്ചയിച്ചത്.
പരിക്കേറ്റവര്‍ കൊച്ചിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.