07 November, 2023 07:39:06 PM


അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; 50 ഗ്രാം രാസലഹരിയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ



അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. അമ്പത് ഗ്രാം രാസലഹരിയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ സജിത്ത് (28), പള്ളിത്താഴം വലിയ പറമ്പിൽ സിയ (32) എന്നിവരെയാണ് റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. 

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ബംഗലൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്. 

ബാഗിൽ പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബംഗലൂരു മടിവാളയിൽ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് ലഹരി വാങ്ങിയത്. നാലിരട്ടി തുകയ്ക്ക്‌ ഇടപ്പള്ളി കാക്കനാടാണ് മേഖലകളിലാണ് വിൽപ്പന. ഇതിന് മുമ്പും ഇവർ ഇതേപോലെ മയക്ക് മരുന്ന് കടത്തിയതായാണ് സൂചന. ഇടപ്പള്ളിയിൽ വാഹനമിറങ്ങാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. 

രാവിലെ അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുമ്പിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സജിത്തിന് ആലപ്പുഴയിൽ കഞ്ചാവ് കേസുണ്ട്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K