16 November, 2023 09:41:31 AM
വിനായകന്‍റെ ചേട്ടന്‍റെ ഓട്ടോ കസ്റ്റഡിയിലെടുത്ത് പൊലീസ്; പകവീട്ടുകയാണെന്ന് ആരോപണം
കൊച്ചി: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്‍റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍ രംഗത്ത്. നിസ്സാര കുറ്റത്തിന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്. നീ വിനായകന്‍റെ ചേട്ടനല്ലേ എന്നു ചോദിച്ചായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്‍റെതാണ് നടപടി. വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 283-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പുമാണ് ചുമത്തിയത്.
യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്‍റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു. സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെ കരുവാക്കുകയാണ് എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്.
അതിനിടെ ആരോപണം തള്ളി പൊലീസ് രംഗത്തെത്തി. വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിയാണ് എന്നാണ് പൊലീസ് പറയുന്നത്. വിക്രമന്‍ പൊലീസുകാരോട് മോശമായാണ് പെരുമാറിയതെന്നും വിനായകന്‍റെ സഹോദരനാണെന്ന് വണ്ടി കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ അറിയില്ലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.