04 November, 2023 12:06:47 PM
ആലുവ ബലാത്സംഗ കൊല: അസഫാക് ആലം കുറ്റക്കാരൻ; ശിക്ഷാ വിധി 9 ന്
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസിൽ ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്.
പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 100 ദിവസത്തിൽ താഴെ ആയതിനാൽ പ്രസ്തുത റിപ്പോർട്ട് ആവശ്യമില്ല എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്നവും ഇല്ല. നൂറ് ദിവസവും പ്രതിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു മാനസാന്തരവും പ്രതിയുടെ ഭാഗത്തുണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ടശേഷമാണ് കേസിലെ ശിക്ഷാവിധി നവംബര്‍ ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
അസഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരടക്കം എല്ലാവരും ഒപ്പം നിന്നു എന്നും കുടുംബം പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷമെന്നും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നന്ദിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സർക്കാരിനും പൊലീസിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.