07 November, 2023 01:06:30 PM
കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പിടിയില്‍
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പൊലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. ചികിത്സ തുടരേണ്ടതിനാല്‍ അനീഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കര, പനങ്ങാട് സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. കൊച്ചി ഡിസിപി, എ സി, തേവര ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെ പിടികൂടിയത്.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്റണി. കൊച്ചി കേന്ദ്രീകരിച്ച് വന്‍ഗുണ്ടാസംഘവും ഇയാള്‍ക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വാളയാര്‍ അതിര്‍ത്തിക്ക് സമീപം പൊലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയതും വാര്‍ത്തയിലിടം നേടിയിരുന്നു.