14 November, 2023 04:37:33 PM


ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മർദ്ദിച്ചയാൾ പിടിയിൽ



കൊച്ചി: ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മർദ്ദിച്ചയാൾ പിടിയിൽ. മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടിൽ രാധാകൃഷ്ണൻ (52) നെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പറമ്പിൽ ആട് കയറി പൈനാപ്പിൾ ചെടികൾ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു. ഇത് വീട്ടമ്മയുടെ മകൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ ആക്രമിച്ചത്. വീട്ടമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും സാരമായി പരിക്കേറ്റു.

കൊലപാതകശ്രമത്തിനുൾപ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇൻസ്പെക്ടർ വി രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനിൽ നിന്ന് മർദ്ദനമേറ്റത്. കേസിൽ പൊലീസ് തുടർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് വീട്ടമ്മ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. നവംബർ അഞ്ചിനായിരുന്നു സംഭവം.

പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്‍റെ വീട്ടുവളപ്പിൽ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മർദനം. കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാൻ പതിനേഴുകാരൻ ശ്രമിച്ചു. ഇതോടെ രാധാകൃഷ്ണൻ പതിനേഴുകാരനെ മർദ്ദിച്ചു. തടയാൻ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് രാമമംഗലം പോലീസ് മൊഴിയെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാട്ടിയാണ് വീട്ടമ്മ റൂറൽ എസ്പിക്ക് പരാതി നൽകിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K