15 November, 2023 12:12:07 PM


കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു



കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിൽ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയേക്കും.

അഭിഭാഷകന്‍ വേണ്ടെന്നും സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണെന്നും വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. 10 ദിവസമെടുത്താണ് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയത്. പ്രതിക്കെതിരേ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കളമശ്ശേരി സ്ഫോടനത്തിന്‍റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്‍റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ ഈ 4 റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞമാസം 29ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K