10 September, 2023 01:40:44 PM
ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി
കൊച്ചി: ആലുവയിൽ വീടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജിനെതിരെ 12 കേസുകൾ എറണാകുളം ജില്ലയിൽ മാത്രം പൊലീസ് കണ്ടെത്തി.
സമീപകാലത്ത് പെരുമ്പാവൂർ മേഖലയിൽ വ്യാപകമായി മോഷണം പതിവായിരുന്നു. മോഷണം പോയ വീടുകളുടെ സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പ്രതിയായ ക്രിസ്‌റ്റിൽ രാജുമായി സാമ്യമുള്ളതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
ഈ മേഖലയിൽ തന്നെയുള്ള മറ്റൊരു കുട്ടിയോട് ഇയാൾ അതിക്രമ ശ്രമം നടത്തിയതിനെത്തുടർന്നാണ് പൊലീസ് വീണ്ടും പോക്സോ കുറ്റം ചുമത്തിയത്. ഇതിനിടെ ക്രിസ്റ്റൽ രാജ് മോഷണമുതലുകൾ പങ്കുവച്ചിരുന്ന രണ്ടുപേരെക്കൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ക്രിസ്‌റ്റിൽ രാജ് മോഷ്ടിക്കുന്ന മോബൈൽ ഫോണുകൾ സ്ഥിരമായി വിറ്റിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. അതേസമയം, ശിശുക്ഷേമസമിതിയുമായി ചർച്ച ചെയ്‌തശേഷം അടുത്ത ആഴ്‌ചയോടെ കുട്ടി ആശുപത്രി വിടും.