07 September, 2023 05:19:51 PM


ആലുവയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി കസ്റ്റഡിയില്‍



കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

2022 നവംബറിൽ പെരുമ്പാവൂരില്‍ മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത്  താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 

അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. വീടുകളിൽ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവർ പ്രധാന റോഡിൽ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്ത് നിൽക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത് കണ്ടത്. 

കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ആണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടിൽ എത്തിച്ചപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അമ്മയെ വിളിച്ചു തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിച്ചു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. 

പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിച്ച പൊലീസിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തോട്ടുമുഖം ഭാഗത്ത് നിന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് വയസുകാരിക്ക് സ്വകാര്യ ഭാഗങ്ങളിൽ അടക്കം പരിക്കുണ്ട്‌.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K