07 September, 2023 10:35:46 AM
സാമ്പത്തിക ബാധ്യത: അച്ഛനും അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
കളമശ്ശേരി: കുറുമശ്ശേരിയില്‍ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേര്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പാറക്കടവ് എന്‍.എസ്.എസ് സ്‌കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി ( 64 ), ഭാര്യ ഷീല (56), മകന്‍ ഷിബിന്‍ (36) എന്നിവരാണ് മരിച്ചത്.
വിദേശത്ത് ജോലിക്ക് കൊണ്ടുപോകാന്‍ പലരില്‍ നിന്നായി ഷിബിന്‍ വാങ്ങിയ പണം ഏജന്‍റന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ, പണം തിരിച്ചുനല്‍കാനോ സാധിക്കാതെ വന്നതോടെ ഷിബിന് ബാധ്യത ഏറ്റെടുക്കേണ്ടി വന്നു.
പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നല്‍കാന്‍ സാധിക്കാതെ വന്നതോടെ ആളുകള്‍ ശല്യം ചെയ്യാനും, വീട്ടില്‍ കുത്തിയിരിക്കാനും തുടങ്ങി. അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോള്‍ ഓട്ടോ ഡ്രൈവറാണ്. ഷിബിന്‍ അവിവാഹിതനാണ്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങള്‍ താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി