19 August, 2023 11:23:01 AM
വടകരയിൽ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: വടകര അഴിയൂർ ദേശീയ പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബസുകൾ കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ല ആശുപത്രി, പാർക്കോ ആശുപത്രി, മാഹി സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റും തലശേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന പ്രതിക എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി സി ഡ്രൈവർ സ്റ്റിയറിംങ്ങിനുളളിയിലായി കുടുങ്ങി കിടന്നതിനാൽ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇരു ബസുകളുടെയും മുൻവശം തകർന്നു. രണ്ട് ബസുകളിലെയും യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. വടകരയിൽ നിന്നും അഗ്നി രക്ഷ സേനയും ചോമ്പാല പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.