18 August, 2023 11:41:38 AM
മാത്യു കുഴൽനാടന്‍റെ കോതമംഗലത്തെ ഭൂമിയിൽ സർവേ ആരംഭിച്ചു
കൊച്ചി: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയിൽ സർവേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
കുഴൽനാടന്‍റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്.
അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാൻ വിജിലൻസ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന സർവേയെ കുഴൽനാടൻ സ്വാഗതം ചെയ്തിട്ടുണ്ട്.
ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മൂവാറ്റുപുഴ എംഎൽഎയ്ക്കെതിരെ ഒരു ഭാഗത്ത് സിപിഎം ആരോപണം ശക്തമാക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്‍റെ നടപടി മറുഭാഗത്ത് നടക്കുന്നത്.