16 August, 2023 04:09:35 PM


പർദ ധരിച്ചു മാളിലെത്തി; സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച യുവാവ് അറസ്റ്റിൽ



കൊച്ചി: ​ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച ഇൻഫോപാർക്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി പർദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തി.

ഇവിടെ പർദയിട്ട് സം​ശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട ഇയാളെ സുരക്ഷാജീവനക്കാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസ്സിലായത്. തുടർന്ന് കളമശ്ശേരി പൊലീസിൽ വിവരമറിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളികാമറ വെച്ച വിവരം ഇയാൾ പറഞ്ഞത്. തുടർന്ന് ഫോൺ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K