16 August, 2023 10:33:17 AM
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ
കൊച്ചി: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഇവരോടെ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറഞ്ഞത്.