15 August, 2023 11:17:02 AM
സെന്‍റ് മേരിസ് ബസലിക്കയിലെ സംഘർഷം; നൂറോളം പേർക്കെതിരെ കേസെടുത്തു
കൊച്ചി: എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. അന്യായമായ സംഘംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ചെവ്വാഴ്ച കുർബാന അർപ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികൾ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് കുർബാന നടത്താനാണ് തീരുമാനം. രാവിലെ മുതൽ പള്ളിയിൽ ആരാധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കനത്ത പോലീസ് കാവലിൽ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്. ഇതേത്തുടർന്ന് വലിയ പ്രതിഷേധവും സംഘർഷവും ആണ് പള്ളിയിൽ ഉണ്ടായത്.
പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കഴിഞ്ഞദിവസം എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയിരുന്നു.എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ്.
എന്നാൽ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടയുകയും ഇദ്ദേഹത്തിന് നേരെ കുപ്പിയേറിയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്.