12 August, 2023 12:14:35 PM
പണമിടപാട് തർക്കം: ആലുവയില്‍ യുവാവിന് ക്രൂരമർദനം; അഞ്ച് പേർ അറസ്റ്റിൽ
ആലുവ: പണമിടപാട് തർക്കത്തെ തുടർന്ന് എറണാകുളം ആലുവ സ്വദേശിയായ യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ. മർദ്ദനത്തിന് ശേഷം യുവാവിനെ വഴിയിലുപേക്ഷിച്ച കടന്നുകളഞ്ഞ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു.
തോട്ടക്കാട്ടുക്കര സ്വദേശി എഡ്വിൻ, മുപ്പത്തടം സ്വദേശി അബ്ദുൾ മുഹാദ്, ദേശം സ്വദേശി പ്രസാദ്, പുതുമനയിൽ കമാൽ, പുഷ്പത്തുകുടി കിരൺ, എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം 5 മണിയോടായിരുന്നു സംഭവം.
ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്‍റെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്‍റെ താക്കോലും മൊബൈൽ ഫോണും വാങ്ങി കാറിൽ കയറ്റി യു സി കോളേജിന്‍റെ പരിസരത്തേക്ക് കൊണ്ട് പോവുകയായിരുന്നു.
സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിലാൽ വീട്ടിലേക്ക് വിളിച്ചു പണം ആവശ്യപ്പെട്ടു. പിന്നീട് മർദിക്കുകയും പല സ്ഥലങ്ങളിലും കൊണ്ടുപോയ ശേഷം ആലപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.
വിവരം അറിഞ്ഞു എത്തിയ പൊലീസ് ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ എം എം മഞ്ജു ദാസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ആലുവയിൽ നിന്നും, ആലപ്പുഴയിൽ നിന്നുമായി പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ എഡ്വിനും ബിലാലിന്‍റെ പിതാവും തമ്മിൽ ടാൻസാനിയയിൽ മൈനിങ്ങ് ബിസിനെസ്സുമായി ബന്ധപ്പെട്ട പാർട്ട്ണർഷിപ്പുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടികൊണ്ടു പോകലിന് കാരണമായതെന്ന് പൊലീസ് പറയുന്നു.