10 August, 2023 04:22:59 PM


ഹർഷിനയ്ക്ക് നഷ്ടപരിഹാരം കുറ്റക്കാരിൽ നിന്ന് ഈടാക്കണം- സംസ്ഥാന വനിതാ കമ്മീഷൻ



കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.

ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതാണെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹർഷിനയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിൽ ഹർഷിന, ഭർത്താവ് അഷ്റഫ്, സമരസമിതി നേതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന വ്യക്തമാക്കി. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ആടിനെ പട്ടിയാക്കുന്ന നിലപാടാണിതെന്നും ഹർഷിന പ്രതികരിച്ചു. ആ​ഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസ നടത്തുമെന്നും ഹർഷിന വ്യക്തമാക്കി.

2017 നവംബർ 30 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എംആർഐ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K