26 July, 2023 04:21:00 PM


കലാപാഹ്വാനമില്ല; എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ല- ക്രൈംബ്രാഞ്ച്



കൊച്ചി: കെ. സുധാകരനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവനയില്‍ കലാപാഹ്വാനമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നിലവില്‍ കേസെടുക്കാനുള്ള വസ്തുതകളൊന്നും തന്നെ കേസിലില്ലെന്ന് കാണിച്ച് അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറി. അതേസമയം, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുവെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വീണ്ടും പ്രതികരിച്ചു.


പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ മോണ്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ കെ സുധാകരന്‍റ പേര് പരാമര്‍ശിച്ചു എന്ന് ചൂണ്ടിക്കാണിച്ച് പായിച്ചിറ നവാസാണ് പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്. ഇതു സംബന്ധിച്ച കൈമാറിയ പരാതി അദ്യം പൊലീസ് മേധാവി സംസ്ഥാന സൈബര്‍ സെല്ലിന് കൈമാറി. കൂടുതല്‍ പരിശോധനകള്‍ സൈബര്‍ സെല്‍ നടത്തവേ. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് ചുമതല നല്‍കി. ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനായിരുന്നു അന്വേഷണ ചുമതല.


തുടര്‍ന്ന് അന്വേഷണ സംഘം അന്നത്തെ വാര്‍ത്താ സമ്മേളനത്തിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളും ശേഖരിച്ച് പരിശോധന നടത്തി. തുടര്‍ന്നാണ്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവനയില്‍ കലാപാഹ്വാനത്തിനുള്ള വസ്തുതകളൊന്നും തന്നെയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച്, പൊലീസ് മേധാവിയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആയിരുന്നു വീണ്ടും എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം


ഇതിനിടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കെ സുധാകരന്‍ നല്‍കിയ ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K