23 July, 2023 08:19:11 PM
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് വിദ്യാർഥികൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്‍റെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്.
ഉച്ചയോടെ തൊട്ടടുത്ത വീട്ടിലെ ട്യൂഷന് പോയ വിദ്യാർത്ഥികളെ കാണാതെ തന്നെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിൽ സമീപവാസിയായ എം ടി അബ്ദുറഹിമാനിന്‍റെ വീട്ടുവളപ്പിൽ എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആജിലിന്‍റെയും ഹാദിറിന്‍റെയും മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം രണ്ടുപേരുടെയും മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.