17 July, 2023 03:45:06 PM
ലോക്കപ്പിലിട്ടിരുന്ന പ്രതികളെ ബലംപ്രയോഗിച്ച് മോചിപ്പിച്ചു; കോൺഗ്രസ് എം എൽ എ മാർക്കെതിരെ കേസ്
കൊച്ചി: പൊലീസ് ലോക്കപ്പിലിട്ടിരുന്ന കെ എസ് യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന രാജീവ്, ഡിജോണ്‍ എന്നിവരെയാണ് ബലം പ്രയോഗിച്ച് മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതികളെ എംഎൽഎമാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് ഇറക്കിക്കൊണ്ടുപോയത്.
എം എൽ എമാരടക്കം 15 പേർക്കെതിരെയും ഐപിസി 506 , ഐപിസി 353 , ഐപിസി 294 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം എൽ എ മാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിക്കൽ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ എഫ് ഐ ആറിൽ രേഖപെടുത്തിയിരിക്കുന്നത്.