13 July, 2023 04:26:13 PM
അധ്യാപകന്‍റെ കൈവെട്ട് കേസ്: മൂന്നുപേർക്ക് ജീവപര്യന്തം
കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം അധ്യാപകന്‍ ടിജെ തോമസിന്‍റെ കൈവെട്ടി മാറ്റിയ കേസിൽ വിധി പ്രസ്താവിച്ചു. കേസിലെ രണ്ടും മൂന്നും അഞ്ചാം പ്രതികളായ മുവാറ്റുപുഴ രണ്ടാർക്കര സജിൽ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസർ (48), കടുങ്ങല്ലൂർ ഉളിയന്നൂർ കെ.എ.നജീബ്(42) എന്നിവർക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. ആലുവ കടുങ്ങല്ലൂർ എം.കെ നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി മൊയ്തീൻ കുഞ്ഞ് (60), തായിക്കാട്ടുക്കര പി.എം.അയൂബ് (48) എന്നിവർക്ക് മൂന്നു വർഷം തടവിനും ശിക്ഷിച്ചു.
കൊച്ചിയിലെ പ്രത്യേക എൻഐ കോടതിയാണ് വിധി പറഞ്ഞത്. രണ്ടാംഘട്ട വിചാരണ നേരിട്ട പതിനൊന്നുപേരിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന മുതൽ ആക്രമണം വരെയുള്ള കാര്യങ്ങളിൽ ഭാഗമായിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ കുറ്റക്കാരായി കോടതി വിധിച്ചത്.
കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മെയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് ബുധനാഴ്ച പൂർത്തിയായത്. പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി നജീബ് ഒളിവിലാണ്.