12 July, 2023 02:41:22 PM


കൈവെട്ട് കേസ്: യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്- പ്രൊഫ. ടി.ജെ ജോസഫ്



കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നതാണ് ഇരയ്ക്ക് കിട്ടുന്ന നീതി എന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ്. കൈവെട്ട് കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാകൃതമായ വിശ്വാസത്തിന്‍റെ ഇരകളാണ് എന്നെ വെട്ടിയ പ്രതികളും. 

വിശ്വാസത്തിന്‍റെ അടിമത്തത്തിൽ നിന്ന് അവർ മാറിചിന്തിക്കട്ടെ. പ്രതിയെ ശിക്ഷിക്കുക എന്നാൽ ഇരയ്ക്കുള്ള നീതിയല്ല, രാജ്യത്തിന്‍റെ നിയമം മാത്രമാണ്. എന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രം. യഥാർത്ഥ പ്രതികൾ ഇതിന് പിന്നിലെ ആസൂത്രകരാണ്, അവർ ഇപ്പോഴും കേസിന് പുറത്താണ്. മനുഷ്യത്വവിരുദ്ധമായ തീരുമാനം എടുക്കാൻ ഉത്ബോധനം നടത്തുന്നവർ എപ്പോഴും കാണാമറയത്താണ്.

ആധുനിക മനുഷ്യരാകാൻ അവരെ ബോധവൽക്കരിക്കണം.നമുക്ക് വിനയായി നിൽക്കുന്നത് ആയിരത്തി അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ള വിശ്വാസ സംഹിതകളാണ്. അവ തച്ചുടയ്ക്കണം… ശാസ്ത്രഅവബോധമുൾക്കൊണ്ട് ആധുനിക മനുഷ്യരായി ഇവരെല്ലാം വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ടി.ജെ ജോസഫ്.

തന്നെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. അവരാണ് ശരിയായ കുറ്റവാളികൾ. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം. തന്‍റെ ജീവിതത്തെ ആരും തകർത്തിട്ടില്ല. പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും. മനുഷ്യരെ അടിമയ്ക്കിടുന്ന അല്ലെങ്കിൽ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്‍റെ യുദ്ധം തുടരുമെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ് പറഞ്ഞു.

കേസിലെ രണ്ടാം ഘട്ട വിധിയില്‍ ആറ് പേരെ ശിക്ഷിച്ച കൊച്ചി എന്‍ഐഎ കോടതി അഞ്ച് പേരെ വെറുതെ വിട്ടു.ഭീകരപ്രവർത്തനം, ഗൂഢാലോചന,  ആയുധം കൈവശം വെക്കല്‍, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസറെ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K