07 July, 2023 12:58:03 PM


സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി



കൊച്ചി: ‌ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. അഫീഫയുടെ മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് സംരക്ഷണം തേടിയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. 

ഹർജിയിൽ വാദം കേട്ട ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടുകയായിരുന്നു. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിർദേശം നൽകിയത്.

മലപ്പുറം സ്വദേശിനികളായ സുമയ്യയും അഫീഫയും കഴിഞ്ഞ രണ്ടുവർഷമായി അടുപ്പത്തിലാണ്. 2023 ജനുവരി 27ന് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങുകയും കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വാടക വീടെടുത്ത് ഒരുമിച്ച്‌ താമസം ആരംഭിക്കുകയും ചെയ്തു. എന്നാൽ അതിനിടെ അഫീഫയെ വീട്ടുകാർ ബലംപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു.

ഇതോടെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് വിശദമായി വാദംകേൾക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സുമയ്യയും അഫീഫയും ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങിയതോടെ ശക്തമായ എതിർപ്പാണ് അഫീഫയുടെ വീട്ടുകാർ ഉയർത്തിയത്. അഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടർന്ന് മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി സുമയ്യയും അഫീഫയും തങ്ങൾക്ക് പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ ജീവിക്കാനുള്ള അനുമതി വാങ്ങി.

ഇതിനുശേഷം സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടിയതോടെ ഇരുവരും എറണാകുളത്തേക്ക് മാറി. അതിനിടെ ഇക്കഴിഞ്ഞ മെയ് 30ന് അഫീഫയെ ബന്ധുക്കൾ വീണ്ടും ബലമായി പിടിച്ചു കൊണ്ടുപോയി. 

അഫീഫയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുകാരിൽനിന്ന് സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K