19 June, 2023 03:34:24 PM
അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം; യുവതിയുടെ പരാതിയിൽ 4 പേർക്കെതിരെ കേസ്
പനമരം: വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നതായി പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പ്രതികളായ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിന്‍റെ അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർത്താവും കുടുംബവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഒൻപത് മാസം മുമ്പായിരുന്നു ഇഖ്ബാലുമായുള്ള പരാതിക്കാരിയുടെ വിവാഹം. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് വ്യക്തമാക്കി.