23 October, 2023 10:12:39 AM


താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം; യാത്രികര്‍ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിര്‍ദേശം



കല്‍പറ്റ: ഇന്നലെ താമരശ്ശേരി ചുരത്തില്‍ ആരംഭിച്ച ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്. ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവര്‍ മറ്റു വഴികള്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം വന്നിരിക്കുന്നത്. മാത്രമല്ല, ചുരം വഴി വരുന്നവര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

അവധിയായതിനാല്‍ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാല്‍ വലിയ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്. അതിനാല്‍, വാഹനങ്ങള്‍ക്ക് പതിവ് വേഗതയില്‍ കയറാനാകുന്നില്ല. ഇന്നലെ എട്ടാം വളവില്‍ തകരാറിലായ ചരക്കുലോറികള്‍ ഇതുവരെ സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല. ചുരം കയറാൻ ഇന്ന് ചുരുങ്ങിയത്‌ 2 മുതല്‍ 4 മണിക്കൂര്‍ വരെ അധികസമയം എടുക്കാൻ സാധ്യതയുണ്ട്. ഹൈവേ പൊലീസ്‌, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, എൻ.ആര്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ എന്നിവര്‍ ചുരത്തില്‍ സജീവമായി രംഗത്തുണ്ട്‌. 

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

> റോഡില്‍ വാഹന തടസ്സം കണ്ടാല്‍ ഓവര്‍ ടേക്ക്‌ ചെയ്യരുത്‌
> റോഡിന്‍റെ ഇടതുവശം ചേര്‍ത്ത്‌ വാഹനം ഓടിക്കുക
> വ്യൂ പോയിന്‍റുകളില്‍ വാഹനം നിര്‍ത്താതിരിക്കുക
> ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക
> മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത അവസ്ഥയുണ്ട്
> വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനനുസരിച്ച്‌ കരുതുക
> പ്ലാസ്റ്റിക്‌ മാലിന്യം ചുരത്തില്‍ വലിച്ചെറിയരുത്‌.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവില്‍ അമിത ഭാരം കയറ്റി വന്ന മള്‍ട്ടി ആക്സില്‍ ലോറി നിന്നുപോയത്. ചെറു വാഹനങ്ങള്‍ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കര്‍ണാടകയുടെ ബസും മറ്റൊരു ലോറിയും വളവില്‍ കുടുങ്ങിയതോടെ വാഹനങ്ങള്‍ മൊത്തത്തില്‍ നിശ്ചലമാകുകയായിരുന്നു. തുടര്‍ന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രൂപപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക് രാത്രി ഏഴായിട്ടും മുന്നോട്ട് നീങ്ങാനായിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K