28 October, 2023 11:49:01 AM


ശസ്ത്രക്രിയയില്‍ പിഴവ്: വൃഷണം നീക്കേണ്ടി വന്ന കേസ്; ഡിഎംഒ പ്രാഥമിക റിപ്പോർട്ട്‌ കൈമാറി



കൽപ്പറ്റ: മാനന്തവാടി മെഡിക്കൽ കോളേജിൽ ഹെർണിയ ശസ്ത്ര ക്രിയയ്ക്ക് ശേഷം വൃഷ്ണം നീക്കേണ്ടി വന്ന കേസിൽ ഡിഎംഒ പ്രാഥമിക റിപ്പോർട്ട്‌ ഡിഎച്ചിഎസിന് കൈമാറി. ശസ്ത്രക്രിയയ്ക്ക് ശേഷം നൽകേണ്ട പരിചരണത്തിൽ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. 

പരാതിക്കാരൻ, ആരോപണ വിധേയൻ എന്നിവരെ കേട്ടാണ് പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയത്. ചികിത്സാ പിഴവ് ഉണ്ടോ എന്ന് വിദഗ്ധ സമിതി പരിശോധിക്കും. ആരോഗ്യ വകുപ്പിലെ തന്നെ ക്ലാർക്ക് തോണിച്ചാൽ സ്വദേശി ഗിരീഷ് ആണ് പരാതിക്കാരൻ. 

ചികിത്സാ പിഴവിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സർജൻ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായ തോണിച്ചാൽ സ്വദേശി ഗിരീഷിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സെപ്റ്റംബർ 13നാണ് ​ഗിരീഷ് ഹെർണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നൽകിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഡിഎംഒക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസെത്തി മൊഴിയെടുത്തു, എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. 

ഐപിസി 338 സെക്ഷൻ പ്രകാരം മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പിലെ ക്ലർക്കാണ് ഗിരീഷ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നാലുവർഷം ജോലി ചെയ്തിട്ടുമുണ്ട്. അതേ സ്ഥാപനത്തില്‍ നിന്നാണ് ഗിരീഷാണ് ഈ ദുരിതം നേരിടേണ്ടി വന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K