25 August, 2023 07:21:37 PM


വയനാട്ടിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം



വയനാട്: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മരിച്ചവരെല്ലാം സത്രീകളാണ്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 14 പേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.  

വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.  മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി, വസന്ത എന്നിവരാണ് മരണപ്പെട്ടത്. 

ഡ്രൈവർ മണി, ജയന്തി, ഉമാദേവി, ലത, മോഹനകുമാരി എന്നിവർ ചികിത്സയിലാണ്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് എല്ലാവരും. വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മക്കിമല എസ്റ്റേറ്റ് തൊഴിലാളികളാണ് എല്ലാവരും.

അപകടസ്ഥലത്ത് വനം മന്ത്രി എകെ ശശീന്ദ്രൻ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക്  എത്തിയത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിക്കാനും  മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയുമായി എകെ ശശീന്ദ്രന്‍ ചർച്ച നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K