15 August, 2023 06:00:19 PM
ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
വയനാട്: മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കർണ്ണാടക സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മുത്തങ്ങ-ബന്ദിപ്പൂർ വനമേഖലയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
വഴിയരികിലുണ്ടായിരുന്ന ആനയെ കണ്ട് ബൈക്ക് നിർത്തിയ ഇവർക്കരികിലേക്ക് ആന കുതിച്ചെത്തുകയായിരുന്നു. ഇതിനിടെ ബൈക്ക് മറിയുകയും ചെയ്തു. ബൈക്ക് ഉയർത്തിയെങ്കിലും ആന തൊട്ടടുത്തെത്തിയതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു.
ബൈക്കിൽ കയറിയ യുവാവ് വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികിലേക്ക് മറിയുകയും ആന ഇയാൾക്ക് നേരെ തിരിയുകയും ചെയ്തു. വാഹനം ഉപേക്ഷിച്ച് ഒരു വിധം ഇയാൾ ഓടി റോഡിലെത്തുകയും പിന്നീട് ഒരു കാറിൽ കയറുകയുമായിരുന്നു. പിറകേ വന്ന വാഹനത്തിലുണ്ടായിരുന്ന കോട്ടക്കൽ സ്വദേശിയായ നാസറാണ് ദൃശ്യങ്ങളെടുത്തത്.